ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതോടെ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. മോട്ടോര്‍ വാഹന വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട ഡല്‍ഹി സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയതായി അറിയിച്ചിരിക്കുന്നത്. കൂട്ടത്തോടെ ആളുകള്‍ പരാജയപ്പെട്ടപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ഭേദഗതി വരുത്താന്‍ പോകുന്നത്.
ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമൂലം പലരും ടെസ്റ്റില്‍ പരാജയപ്പെടാറുണ്ട്. അതിനാല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് മുന്‍കൂട്ടി ഇക്കാര്യം പറഞ്ഞ് കൊടുക്കണം എന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് അവസാന സര്‍ക്കിളിന്റെ വീതി ചെറുതായത് അടക്കം പരാജയ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ പുതിയ പരിഷ്ക്കരണം ടെസ്റ്റ് ട്രാക്കിലെ അവസാന സര്‍ക്കിളിന്റെ വീതി മുമ്പത്തെ രണ്ട് സര്‍ക്കിളുകളുടെ വീതിക്ക് സമാനമാക്കുന്നതിലേക്ക് നയിക്കും. കൂടാതെ ആളുകളെ അവരുടെ കാലുകള്‍ നിലത്ത് കുത്താന്‍ അനുവദിക്കുകയും ചെയ്യും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.