സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഇൻബോക്സിൽ വരുന്ന മെസേജുകളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയുള്ള ഹണി ട്രാപ്പ് സംഘങ്ങളുടെ വലയിൽ ധാരാളം പേർ ഇപ്പോഴും കുടുങ്ങുന്നുണ്ട്. ഇതിനെ സൂക്ഷിക്കണമെന്ന് കേരള പോലീസിന്റെ നിർദേശം.
മാനഹാനി ഭയന്ന് പലരും ഇക്കാര്യം പുറത്ത് പറയാതെ അവർ ആവശ്യപ്പെടുന്ന പണം നൽകാറുണ്ട്. ഫെയ്ക്ക് ഐഡികളിൽ നിന്നും വരുന്ന സൗഹൃദ അപേക്ഷകൾ സ്വീകരിച്ചാലുടൻ വീഡിയോകാളിൽ വരാൻ തട്ടിപ്പുകാർ ആവശ്യപ്പെടും.
കാൾ എടുത്താൽ മറുവശത്ത് നേരത്തെ റെക്കോർഡ് ചെയ്ത് വെച്ചിട്ടുള്ള നഗ്ന വീഡിയോ പ്രത്യക്ഷപ്പെടും. അതോടൊപ്പമുള്ള നമ്മുടെ വിഡീയോയും ചേർത്ത് റെക്കോർഡ് ചെയ്തെടുത്ത ശേഷം പണം നൽകിയില്ലെങ്കിൽ നമ്മുടെ നാട്ടുകാർക്കും വീട്ടുകാർക്കും ഇത് അയച്ചു നൽകുമെന്നാകും ഭീഷണി. ഇതിനെതിരെ ശ്രദ്ധിക്കണം എന്നാണ് പോലീസ് നിർദേശം.