ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുഗിള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മുതലാണ് ഗൂഗിള്‍ സര്‍ച്ചില്‍ ചെറിയ തകരാറ് അനുഭവപ്പെട്ടത്.
ഗൂഗിള്‍ സെര്‍ച്ചില്‍ എന്തെങ്കിലും തിരയുമ്പോള്‍ എറര്‍ 502 കാണിക്കുന്നതാണ് പ്രശ്നം. ‘502. ഇതൊരു എറര്‍ ആണ്. സെര്‍വറിന് ഒരു താല്‍ക്കാലിക തടസ്സം നേരിട്ടതിനാല്‍ നിങ്ങളുടെ റിക്വസ്റ്റ് ഇപ്പോള്‍ സാധിക്കില്ല എന്നാണ് സന്ദേശത്തില്‍ കാണിക്കുന്നത്. 30 സെക്കന്‍ഡിന് ശേഷം വീണ്ടും ശ്രമിക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു.
മറ്റൊരു സന്ദേശത്തില്‍, ‘തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, നിങ്ങളുടെ അഭ്യര്‍ത്ഥന ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ല. ചില ഇന്റേണല്‍ സെര്‍വര്‍ പിശക് സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ എഞ്ചിനീയര്‍മാരുടെ ശ്രദ്ധയില്‍ പ്രശ്നം എത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക.’ എന്ന് ഗൂഗിള്‍ പറഞ്ഞു.
ഇന്ത്യയില്‍ ചെറിയ രീതിയില്‍ മാത്രമാണ് തകരാര്‍ അനുഭവപ്പെടുന്നത്. എന്നാല്‍ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ ഇത് ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.