മുതിര്‍ന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പഞ്ചാബ് കിംഗ്സിന്റെ പുതിയ ക്യാപ്റ്റനായേക്കുമെന്ന് സൂചന. ഐപിഎല്‍ താര ലേലത്തില്‍ 8.25 കോടി രൂപ നല്‍കിയാണ് ധവാനെ പഞ്ചാബ് സ്വന്തമാക്കിയത്. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിച്ചിട്ടുള്ള ധവാന് ഈ സീസണിലാണ് പഞ്ചാബ് കിംഗ്സിലെത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ധവാനെ മെഗാ ലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു.
കഴിഞ്ഞ സീസണുകളില്‍ ലോകേഷ് രാഹുല്‍ ആയിരുന്നു പഞ്ചാബ് കിംഗ്സ് നായകന്. മെഗാലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസി വിട്ട താരത്തെ പുതിയ ടീമുകളിലൊന്നായ ലക്നൗ സൂപ്പര്‍ ജയന്റ്സ് ടീമിലെത്തിക്കുകയും നായകനാക്കുകയും ചെയ്തു. അതേസമയം സുരേഷ് റെയ്നയെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി താരത്തിന്റെ മുന്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ രംഗത്തെത്തിയിരുന്നു.
ടീം സയോജനം ഫോമുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും ഫോമൗട്ടാണെന്ന് തോന്നിയതിനാലാണ് റെയ്നയെ ഒഴിവാക്കിയതെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഓ കാശി വിശ്വനാഥന് പറഞ്ഞു. റെയ്നയെ ടീമിലെടുക്കാതിരുന്നതിന് ആരാധകര്‍ ഫ്രാഞ്ചൈസിക്കെതിരെ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് കാശിനാഥന്റെ പ്രതികരണം.
റെയ്നയെ ടീം മിസ് ചെയ്യുമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഓ പറഞ്ഞു. ‘കഴിഞ്ഞ 12 വര്‍ഷമായി ചെന്നൈയുടെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളില്‍ ഒരാളാണ് സുരേഷ് റെയ്ന. റെയ്നയെ വാങ്ങാത്തത് ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ടീം സയോജനം ഫോമുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. റെയ്ന ടീമില്‍ ശരിയാവില്ല എന്ന് തോന്നാനുള്ള പല കാരണങ്ങളില്‍ ഒന്നാണ് ഇത്. ഞങ്ങള്‍ റെയ്നയെയും ഫാഫ് ഡുപ്ലെസിയെയും മിസ് ചെയ്യും. അവരൊക്കെ കഴിഞ്ഞ പതിറ്റാണ്ടില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.”- കാശി വിശ്വനാഥന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.