ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോഡ് വീണ്ടും തിരുത്തിയെഴുതി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര. സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര ദേശീയ റെക്കോര്‍ഡോടെ വെള്ളി മെഡല്‍ കരസ്ഥമാക്കി. 89.94 മീറ്റര്‍ ദൂരം താണ്ടിയാണ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നീരജ് സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തുന്നത്.
ഇതോടെ ജൂണ്‍ 14ന് പാവോ നൂര്‍മി ഗെയിംസില്‍ കുറിച്ച 89.30 മീറ്റര്‍ ദൂരമാണ് തിരുത്തപ്പെട്ടത്. സ്റ്റോക്ക്ഹോമില്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 90 മീറ്ററിനടുത്തേക്ക് ജാവലിന്‍ പായിക്കാന്‍ നീരജിനായി. എന്നാല്‍ തുടര്‍ന്നുള്ള ശ്രമങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ താരത്തിന് കഴിഞ്ഞില്ല.
ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും നീരജിന് സ്വന്തമായി. ലോക ചാംപ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സനാണ് സ്വര്‍ണം (90.31 മീറ്റര്‍). ലോക റാങ്കിങ്ങിലെ ആദ്യ 8 സ്ഥാനക്കാര്‍ ഏറ്റുമുട്ടിയ മത്സരത്തിന്റെ ആദ്യ 2 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ നീരജ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ മൂന്നാംറൗണ്ടില്‍ 90.31 മീറ്റര്‍ എറിഞ്ഞ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന്‍ നീരജിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി.