കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് മലയാളി താരം എം.ശ്രീശങ്കര്‍. ലോംഗ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയാണ് ശ്രീശങ്കര്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മെഡല്‍ നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ശ്രീശങ്കറിനെ അഭിനന്ദിച്ചു.
പാലക്കാട്ടുകാരനായ ശ്രീശങ്കര്‍ ആദ്യ നാല് ചാട്ടം പൂര്‍ത്തിയാവുമ്പോള്‍ ആറാം സ്ഥാനത്തായിരുന്നു. അഞ്ചാമത്തേതിലാണ് വെള്ളിയിലേക്ക് പറന്നിറങ്ങിയത്. അവസാന ചാട്ടം ഫൗളായി. പുരുഷന്മാരുടെ ലോങ്ജമ്പില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ബര്‍മിങ്ഹാമില്‍ അത്ലറ്റിക്സില് ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ്.
ഒളിമ്പിക്സിലേയും ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലേയും നിരാശ മറികടക്കുന്നതാണ് ശ്രീശങ്കറിന്റെ പ്രകടനം. ബഹാമസിന്റെ ലക്വാന്‍ നെയ്റനാണ് സ്വര്‍ണം(8.08 മീറ്റര്‍). രണ്ട് പേരും താണ്ടിയത് ഒരേ ദൂരമായതിനാല്‍ രണ്ടാമത്തെ മികച്ച ചാട്ടം വിധി നിര്‍ണയിച്ചു. നെയ്റന്റെ രണ്ടാമത്തെ മികച്ച ചാട്ടം 7.98 മീറ്റര്‍. ശ്രീശങ്കറിന്റേത് 7.84 മീറ്റര്‍.