മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരിശീലകന് എറിക്ക് ടെന്‍ ഹാഗ്. 46ആം മിനിട്ടില്‍ കളിക്കളത്തില്‍ നിന്ന് പിന്‍വലിച്ചതില്‍ ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ട് വിട്ട സംഭവത്തിലാണ് പരിശീകന് രംഗത്ത് എത്തിയിരിക്കുന്നത്.
റയല്‍ വല്ലേക്കാനോക്കെതിരായ പ്രീസീസണ് മത്സരത്തിലാണ് ക്രിസ്റ്റ്യാനോയെ 46ആം മിനിട്ടില്‍ പിന്‍വലിച്ചത്. ഇതോടെ കുപിതനായ താരം ഡഗൗട്ടിലിരിക്കാന്‍ തയ്യാറാവാതെ മൈതാനം വിടുകയായിരുന്നു. ക്രിസ്റ്റ്യാനോയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് പറഞ്ഞു.
റൊണാള്‍ഡോയുടെ പ്രവര്‍ത്തി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു ടീമായാല് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ടെന്‍ ഹാഗ് പ്രതികരിച്ചു.
‘ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ ടീം അംഗങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഞങ്ങള്‍ ടീമിനുവേണ്ടി ഒരുമിച്ച് പോരാടുന്നവരാണ്. മത്സരം കഴിയുന്നത് വരെ എല്ലാവരും ടീമിന്റെ ഭാഗമായുണ്ടാവണം’- ടെന്‍ഹാഗ് പറഞ്ഞു
പ്രീസീസണില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായാണ് വിട്ടുനില്‍ക്കുന്നതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു.