ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ അർജന്റീന ആരാധകരുടെ പ്രതീക്ഷകൾക്ക് വിജയനീലിമ. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യപകുതിയിൽ അർജന്റീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയിൽ ഇരട്ട ഗോൾ വഴങ്ങുകയായിരുന്നു. മാക് അലിസ്റ്ററും(46), ജൂലിയൻ ആൽവാരസുമാണ്(67) മെസിപ്പടയ്ക്കായി ലക്ഷ്യം കണ്ടത്. സൗദിയോട് പൊറുതിക്കളിച്ച് മെക്സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ പോയിൻറ് നിലയിൽ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാർട്ടറിലെത്തി.അർജന്റീനയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ ഉയരക്കാരായ പോളിഷ് പ്രതിരോധം വിലങ്ങുതടിയായി. രണ്ടാം മിനുറ്റിൽ ലിയോണൽ മെസിയെടുത്ത കോർണർ പ്രതിരോധം മറികടക്കാൻ കഴിയാതെ പോയി. ഏഴാം മിനുറ്റിൽ മെസിയുടെ ഷോട്ട് ഗോളി സ്റ്റെൻസി അനായാസമായി പിടികൂടി. 11-ാം മിനുറ്റിൽ മെസിയുടെ മറ്റൊരു ഷോട്ട് കൂടി ഗോളിയിൽ അസ്തമിച്ചു. 17-ാം മിനുറ്റിൽ അക്യുനയുടെ ഷോട്ട് ബാറിന് മുകളിലൂടെ പാറി. 19-ാം മിനുറ്റിൽ അക്യുനയുടെ മറ്റൊരു ശ്രമം ഗോളി തടുത്തു. 22-ാം മിനുറ്റിൽ പോളണ്ടിന് ലഭിച്ച കോർണർ കിക്കും വലയുടെ പരിസരത്തേക്ക് വന്നില്ല. 28-ാം മിനുറ്റിൽ അക്യുനയുടെ മിന്നൽപ്പിണർ പോസ്റ്റിനെ ഉരുമി കടന്നുപോയി. 32-ാം മിനുറ്റിൽ ഡി മരിയയുടെ മഴവിൽ കോർണർ സ്റ്റെൻസി പറന്ന് തട്ടിയകറ്റിയത് ആവേശമായി.