ലോകകപ്പിലെ കന്നി മത്സരമാണ് കൊച്ചു അറബ് രാജ്യമായ ഖത്തറിന് നാളെ. ആതിഥേയരെന്ന ആനുകൂല്യം കൊണ്ട് മാത്രമല്ല ലോകകപ്പിന് യോഗ്യത ലഭിച്ചതെന്ന് കാൽപന്ത് കളി ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കാൻ ഫെലിക്സ് സാഞ്ചെസിന്റെ സംഘം തയ്യാറെടുത്തു കഴിഞ്ഞു.ലോകകപ്പിന് കിക്കോഫാകുന്ന നിമിഷം ഖത്തർ ഫുട്ബോളിലെ ചരിത്രമുഹൂർത്തമാണ്. വിശ്വ കാൽപന്ത് കളി മാമാങ്കത്തിൽ മത്സരിക്കുന്ന രാജ്യമെന്ന സ്വപ്നസമാനമായ നേട്ടം ഈ കൊച്ചു അറബ് രാജ്യത്തിന് സ്വന്തമാകും. ഇക്വഡോറിനെതിരെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ ആതിഥേയ ടീം ഒരുങ്ങിക്കഴിഞ്ഞു. ആതിഥേയരെന്ന നിലയിൽ ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയ ഖത്തർ ടീം അന്ന് മുതൽ മത്സര പരിചയത്തിനായി ലോകമെങ്ങും ഓടി നടന്നു കളിക്കുകയായിരുന്നു.ഫിഫ റാങ്കിംഗിൽ 50 ആം സ്ഥാനത്തുള്ള ഖത്തർ ടീമിന്റെ പരിശീലകൻ സ്പെയിനിൽ നിന്നുള്ള ഫെലിക്സ് സാഞ്ചസാണ്. കോപ്പ അമേരിക്കയിലും കോൺകകാഫ് ഗോൾഡ് കപ്പിലും യുവേഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലും അതിഥി ടീമെന്ന നിലയിൽ പങ്കെടുത്ത അനുഭവ സമ്പത്തുമായാണ് ഏഷ്യൻ കപ്പ് ജേതാക്കളായ ഖത്തർ ലോകകപ്പിനെത്തുന്നത്.അൽമോയസ് അലി – അക്രം അഫീഫ് സഖ്യമാണ് മുന്നേറ്റ നിരയിലെ തേരാളികൾ.ഘാന വംശജനായ മുഹമ്മദ് മുന്താറി , പോർച്ചുഗീസ് വംശജനായ പെഡ്രോ എന്നിവരാണ് ടീമിലെ ശ്രദ്ധേയരായ താരങ്ങൾ.ഖത്തറിലെ ക്ലബ്ബുകൾക്കായി കളിക്കുന്ന താരങ്ങൾ മാത്രമാണ് ടീമിലുള്ളത്. യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ച് തെളിഞ്ഞ താരങ്ങൾ ഇല്ലാത്തത് പോരായ്മയാണ്. എങ്കിലും വൻകരയിലെ വമ്പന്മാരായ സൗദി അറേബ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളെ തോൽപിച്ച ചരിത്രം ഈ കൊച്ചു അറബ് രാജ്യത്തിനുണ്ട്. അരങ്ങേറ്റ ലോകകപ്പിൽ ആദ്യറൗണ്ട് കടക്കുകയാണ് ഹസൻ ഹെയ്ദോസ് ക്യാപ്റ്റനായ ആതിഥേയരുടെ ലക്ഷ്യം.