ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേൺ മ്യൂണിക്ക് പി.എസ്ജിയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയും നെയ്മറും എംബാപ്പയും സെർജിയോ റാമോസും ഉൾപ്പെടെയുള്ള മികച്ച ഇലവനുമായ് വിജയം മാത്രം സ്വപ്നം കണ്ട് ഇറങ്ങിയ പി.എസ്ജിക്ക് ബയേൺ മ്യൂണിക്കിന്റെ ബവേറിയൻ പോരാളികൾക്ക് മുമ്പിൽ അടി തെറ്റാനായിരുന്നു വിധി.കൈലിയൻ എംബാപ്പെ ബെഞ്ചിലായിരുത്തി കൗണ്ടർ അറ്റാക്കുകൾ കേന്ദ്രീകരിച്ചുള്ള ഗെയിം പ്ലാനാണ് പി എസ് ജി ബയേണിന്ന് വേണ്ടി ഒരുക്കിയിരുന്നത്. പക്ഷെ പി.എസ്ജിയുടെ പ്രതീക്ഷകൾ തെറ്റിച്ച് ബയേൺ മ്യൂണിക്ക് അതേ നാണയത്തിൽ മറുപടി നൽകി.മത്സരത്തിന്റെ 53-ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് അൽഫോൺസോ ഡേവീസ് നൽകിയ ഉജ്ജ്വലമായ ക്രോസ് പിടിച്ചെടുത്ത കിംഗ്‌സ്‌ലി കോമാന്റെ സുന്ദരമായ ഷോട്ട് പി.എസ്ജിയുടെ ഗോൾകീപ്പർ ഡോണറുമയെ കീഴടക്കി. തുടർന്ന് എംബാപ്പെയെ കളത്തിലിറക്കി പിഎസ്ജിയുടെ കളിയുടെ വേഗത കൂട്ടി. അതിനു ശേഷമണ് പി എസ് ജി ഉണർന്നു കളിച്ചത്. 82-ാം മിനിറ്റിൽ എംബപ്പെ ഒരു ഗോൾ നേടി എങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങാനായിരുന്നു വിധി. രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് ഡിഫൻഡർ ബെഞ്ചമിൻ പവാർഡിനെ സ്റ്റോപ്പേജ് ടൈമിൽ നഷ്ടപ്പെട്ടത്ത് മത്സരത്തിൽ ബയേണിന് തിരിച്ചടിയായെങ്കിലും ജയത്തിൽ കുറഞ്ഞ ഒന്നും നേടാതെ തിരിച്ച് പോവാൻ ബവേറിയൻ പോരാളികൾക്ക് മനസ്സില്ലായിരുന്നു. രണ്ടാം പാദത്തിൽ ഇനി മ്യൂണിച്ചിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് മുന്നോട്ട് പോവാനാകു. തോറ്റെങ്കിലും 16 വയസ് മാത്രമുള്ള പി. എസ്ജിയുടെ കൗമാരതാരം വാറൻ സയറിന്റെ അരങ്ങേറ്റ മത്സരത്തിനും ലാ പാർക്കെ ഡെസ് പ്രിൻസ് സ്റ്റേഡിയത്തിലെ ആരാധക കൂട്ടം സാക്ഷിയായി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായാണ് വാറൻ സയർ കളിക്കാനെത്തിയത്. മുന്നേറ്റം പതറുന്ന ടീമിന് പുതുമുഖ താരത്തിന്റെ വരവ് പ്രതീക്ഷയാകുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു.