ഖത്തർ ലോകകപ്പിനുള്ള സെനഗലിന്റെ 26 അംഗ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പരിശീലകൻ അലിയൂ സിസ്സെയാണ് അന്തിമ സ്ക്വാഡിന്റെ പട്ടിക പുറത്തുവിട്ടത്. ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച ആദ്യ ആഫ്രിക്കൻ രാജ്യം കൂടിയാണ് സെനഗൽ.ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം സാദിയോ മാനേ, ചെൽസി താരങ്ങളായ കലിഡോ കൂലിബാളി, ഗോൾകീപ്പർ എഡ്വേർഡ് മെൻഡി , എവർട്ടൻ താരം ഇദ്രിസ ഗെയെ, വാറ്റ്ഫോർഡ് എഫ്.സിയുടെ ഇസ്മയിൽ സാർ തുടങ്ങിയവരെല്ലാം അലിയൂസിസ്സെ പുറത്തുവിട്ട സെനഗലിന്റെ 26 അംഗ സ്ക്വാഡിൽ ഉണ്ട്. പരിചയ സമ്പത്തും യുവത്വവും ഒത്തുചേർന്നതാണ് അന്തിമ സ്ക്വാഡ്. ലയൺസ് ഓഫ് തിരംഗ എന്നറിയപ്പെടുന്ന സെനഗൽ ടീം ആഫ്രിക്കൻ നാഷൻസ് കപ്പ് ജേതാക്കളായാണ് ലോകകപ്പിനെത്തുന്നത്. ചരിത്രത്തിലെ തന്നെ മികച്ച പ്രകടനമാണ് ഖത്തറിൽ ടീമിന്റെ ലക്ഷ്യം. 2002 ലെ തലമുറയാണ് സെനഗലിനെ ലോക ഫുട്ബോളിന്റെ ഭൂപടത്തിലെത്തിച്ചത്. ലോകകിരീടം നിലനിർത്താനെത്തിയ ഫ്രാൻസിനെ കുഞ്ഞന്മാരായ സെനഗൽ അട്ടിമറിച്ചത് ലോക ഫുട്ബോൾ അന്നോളം കണ്ട ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു. ആ ലോകകപ്പിൽ സെനഗൽ ക്വാർട്ടറിലെത്തി ചരിത്രം രചിച്ചു.ആഫ്രിക്കൻ കരുത്തിന്റെ കപ്പിത്താനായി അന്ന് ടീമിന്റെ അമരത്തുണ്ടായിരുന്ന അലിയു സിസ്സെ പരിശീലകനായി ഒപ്പമുള്ളത് ടീമിന് പുത്തൻ ഊർജമാണ് സമ്മാനിച്ചിട്ടുള്ളത്. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും നെതർലണ്ട്സുമാണ് സെനഗലിന്റെ എതിരാളികൾ.ഈ മാസം 21 നെതർലണ്ട്സിനെതിരെ അൽതുമാമ സ്റ്റേഡിയത്തിലാണ് സെനഗലിന്റെ ആദ്യ മത്സരം.