ഖത്തർ ലോകകപ്പിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ സ്പെയിനെ അട്ടിമറിച്ച് മൊറോകോ ക്വാർട്ടറിൽ, നിശ്ചിത സമയത്തും അധിക സമയത്തും ഗോള് രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിലായിരുന്നു മൊറോക്കൻ ജയം. പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ അവസാന ദിനത്തിലെ ആദ്യ മധുരം മൊറോക്കോയ്ക്ക്, മുൻ ചാമ്പ്യന്മാരായ സ്പെയിനെ ഷൂട്ട് ഔട്ടിൽ തകർത്തായിരുന്നു മൊറോക്കോയുടെ ക്വാർട്ടർ പ്രവേശം, ഇരു പകുതികളിലും പ്രതിരോധ ഫുട്ബോളുമായി കളം നിറഞ്ഞ മൊറോകോ പ്രത്യാക്രമണങ്ങളിലൂടെ സ്പാനിഷ് പോസ്റ്റിൽ അപകടം വിതച്ചു കൊണ്ടിരുന്നു, 120 മിനുറ്റും ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഗോളി യാസിൻ ബോനുവിന്റെ ചിറകുകളിലേറിയായിരുന്നു മൊറോക്കൻ കുതിപ്പ്.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോൾ മാത്രം അകന്നു നിന്നു, പന്തടക്കത്തിലും പാസിങ്ങിലും പതിവുപോലെ സ്പെയിൻ ആധിപത്യം പുലർത്തിയെങ്കിലും, ഫിനിഷിങ്ങിലെ പോരായ്മകളും മൊറോക്കോയുടെ അടിയുറച്ച പ്രതിരോധവുമാണ് അവരെ തടഞ്ഞത്. ആയിരത്തിലധികം പാസ്സുകളും എഴുപതു ശതമാനത്തിലധികം പന്തടക്കവുമായി കണക്കുകളിൽ ബഹുദൂരം മുന്നിലായിരുന്നു സ്പെയിൻ. മത്സരത്തിലൂടെ നീളം ലഭിച്ച അർഥവസരങ്ങളെ ഇരു ടീമുകൾക്കും ഗോൾ ആക്കി മാറ്റാനാകാതെ നിന്നതായിരുന്നു മത്സരത്തെ ഷൂട്ട് ഔട്ടിലേക്ക് നയിച്ചത്. സ്പെയിനിനായി കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും യാസിൻ ബോനുവിന്റെ വിസമയ സേവുകളിൽ നിഷ്പ്രഭമായി, പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചപ്പോൾ സ്പാനിഷ് പതനം സമ്പൂർണ്ണമായി, അതെ സമയം മൊറോക്കോയ്ക്കായി സൂപ്പർ താരങ്ങളായ ഹാകിം സിയെച്ച്, അച്റഫ് ഹക്കിമി, അബ്ദൽഹമീദ് സബീരി എന്നിവർ ലക്ഷ്യം കണ്ടു.
ഖത്തർ ലോകകപ്പിലെ രണ്ടാം ഷൂട്ട് ഔട്ട് കണ്ട മത്സരത്തിൽ ആവേശജയവുമായി മോറോകോ ക്വാർട്ടറിൽ, ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ഷൂട്ട് ഔട്ടിൽ തോൽക്കുന്ന ടീമെന്ന റെക്കോഡുമായി സ്പാനിഷ് പട നാട്ടിലേക്കും മടങ്ങി.