ഖത്തർ ലോകകപ്പിൽ അര്‍ജന്റീനിയന്‍ കുതിപ്പിന് പിന്നിലെ കാലുകൾ തന്നെയാണ് ടൂര്‍ണമെന്റിലെയും മികച്ച താരങ്ങൾ, ടൂർണമെന്റിലെ മികച്ച താരമായി ലിയോണൽ മെസ്സിയും ഗോൾ കീപ്പർ ആയി എമി മാര്ടിനെസും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ലോകകപ്പിലെ യുവ താരമായി എൻസോ ഫെർണാഡസും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിൽ അര്‍ജന്റീന ഫ്രാൻസ് മത്സരത്തിന്റെ ആദ്യ വിസിൽ മുഴങ്ങുമ്പോൾ ഗോൾഡൻ ബൂട്ടിനേയും ഗോൾഡൻ ബോൾനുയുമുള്ള പോരാട്ടത്തിൽ ഒരു പേര് മാത്രമാണ് ഉയർന്നു വന്നത്, സാക്ഷാൽ ലിയോണൽ ആന്ദ്രെസ് മെസ്സി, എന്നാൽ ഹാട്രിക് നേട്ടത്തോട്ടെ എംബപ്പേ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി, ഫൈനൽ പോരാട്ടത്തിലെ ഇരട്ട ഗോളുകളടക്കം 7 ഗോളുകളുമായി മെസ്സി രണ്ടാം സ്ഥാനത്തേക്കും, പക്ഷെ ഗോളടിച്ചും കളി മെനഞ്ഞും ടൂർണമെന്റിന്റെ കടിഞ്ഞാൺ ആ 35 കാരൻ ഏറ്റെടുത്തു, വിശ്വകിരീടം ചൂടും വരെയും.
ഗോൾ വലയ്ക്ക് മുന്നിലെ അപാരതയുടെ പേരാണ് എമി, ചാഞ്ഞും ചരിഞ്ഞും എമി മാർട്ടിനസ് തടുത്തിട്ടത് അർജന്റീനിയൻ പ്രതീക്ഷകളുടെ ഭാരമേറിയ പന്തുകളായിരുന്നു, സെമിയിലും ഫൈനലിലും ഈ കൈകളിൽ അർജന്റീന അഭയം തേടിയപ്പോൾ ഗോൾഡൻ ഗ്ളൗവിനായി മറ്റൊരു പേരും അന്വേഷിക്കേണ്ടി വന്നില്ല. എന്നാൽ ഒാരോ ലോകകപ്പുകളും സംഭാവന ചെയ്യുന്ന യുവതാരങ്ങളുണ്ട്, ഈ പേരും അർജന്റീനിയൻ കൂടാരത്തിൽ നിന്നെത്തി. കഴിഞ്ഞ ലോകകപ്പിൽ എംബാപ്പെയെങ്കിൽ ഇത്തവണ എൻസോ ഫെർണാൻഡസ് ടൂർണമെന്റിന്റെ യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഏറ്റവും വിജയ തൃഷ്ണയോടെ കളിച്ച അർജന്റീന എന്ന ടീമിന്റെ പോരാളികളും ബഹുമതികളാൽ രാവിനെ സമ്പന്നമാക്കിമാറ്റി.