ഖത്തർ ലോകകപ്പിൽ വിജയത്തോടെ തുടങ്ങി കരുത്തരായ ബ്രസീൽ. ഗ്രൂപ് ജിയിലെ മത്സരത്തിൽ കാനറികൾ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെർബിയയെ തോൽപിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്റെ ഇരട്ടഗോളിന്റെ കരുത്തിലാണ് ബ്രസീലിന്റെ ജയം. സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. വിനീഷ്യസ് അടിച്ച പന്ത് ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് റിച്ചാലിസൺ വലയിലാക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തോടെ തിയാഗോ സിൽവ ബ്രസീലിനായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും മുതിർന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി.