ബ്രസീലിനെ പെനാൽറ്റി ഷൂട്ട് ഓട്ടിൽ തകർത്ത് ക്രോയേഷ്യ ലോകകപ്പ് സെമി ഫൈനൽ. മുഴുവൻ സമയത്തും ഗോൾരഹിത സമനിലയായ കളി എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ട് ഓട്ടിലേക്ക് നീങ്ങുകയായിരുന്നു. 4-2 ആയിരുന്നു ഷൂട്ട് ഓട്ടിൽ ക്രോയേഷ്യയുടെ വിജയം. മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ചത് ആദ്യം കളി ഷൂട്ട്ഔട്ടിലേക്ക് നീങ്ങി. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രോയേഷ്യൻ ഗോൾകീപ്പർ തടഞ്ഞതോടെ കാനറികളുടെ നെഞ്ച് പുകഞ്ഞു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചതോടെ ബ്രസീലിന്റെ ചരമകുറിപ്പ് റെഡിയായി. ക്രോയേഷ്യയ്ക്കായി നിക്കോള വ്ലാസിച്ച്, ലോവ് റോ മയർ, ലുക്ക മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. നേരത്തെ കളിയുടെ 90 മിനിറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ക്രോയേഷ്യയും ബ്രസീലും തമ്മിൽ നടന്നത്. കളിയുടെ തുടക്കം മുതൽ ആക്രമണം അഴിച്ചു വിട്ട ബ്രസീലിനെതിരെ ആദ്യമൊന്നു പതറിയെങ്കിലും ഏതാനും മിനിറ്റുകൾക്കുള്ളിൽ ക്രോയേഷ്യ കളം പിടിച്ചു. പതിയെ താളം കണ്ടെത്തിയ ക്രോയേഷ്യ പ്രതിരോധത്തിനൊപ്പം പ്രത്യാക്രമണവും സമന്വയിപ്പിച്ച് കളി ആവേശമാക്കി. ആദ്യ പകുതിയിൽ നിരവധി സുവർണ വസരങ്ങൾ ഇരു ടീമുകളും പാഴാക്കി. പന്ത്രണ്ടാം മിനിറ്റിൽ പെരിസിച്ചിന് കിട്ടിയ അവസരം മുതലാക്കാൻ ആയില്ല. ബ്രസീലിന്റെ മുന്നേറ്റ നിരയും നിരവധി അവസരങ്ങൾ കളഞ്ഞു കുളിച്ചു. ബ്രസീലിന്റെ മുന്നേറ്റങ്ങൾ പലതും ക്രോയേഷ്യൻ ഗോളി ലിവാക്കോവിച്ചിന് മുന്നിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ രണ്ടു ഗോളിനടുത്ത് എത്തിയെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. മുഴുവൻ സമയത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീൽ ആക്രമണം ശക്തമാക്കിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ലിവാക്കോവിച്ചിന്റെ ഉജ്ജ്വല സേവുകൾ പലപ്പോഴും ക്രോയേഷ്യയുടെ രക്ഷയ്ക്കെത്തി.90 മിനിറ്റിലും ഗോൾ പിറക്കാതെ വന്നതോടെയാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. ഒടുവിൽ ബ്രസീൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. ക്രോയേഷ്യൻ പ്രതിരോധം പിളർന്നു കൊണ്ട് ലിവ ക്കോവിച്ചിനെയും കീഴടക്കി നെയ് മാറിന്റെ ഗോൾ. എന്നാൽ ആഹ്ലാദം അധികം നീണ്ടില്ല. ആക്രമണം ശക്തമാക്കിയ ക്രോയേഷ്യ കളി തീരാൻ മൂന്ന് മിനിറ്റുള്ളപ്പോൾ സമനില പിടിച്ചു. പെറ്റ്കോവിച്ച് ആയിരുന്നു ക്രൊയേഷ്യയെ കളിയിലേക്ക് തിരിച്ചു കൊണ്ടു വന്നത്.