ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ നാളെ ഇക്വഡോറിനെ നേരിടും . രാത്രി 9:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.സമീപകാലത്ത് തകർപ്പൻ ഫോമിലാണ് ഫെലിക്സ് സാഞ്ചെസ് പരിശീലകനായ ഖത്തർ ടീം. ഏഷ്യൻ കപ്പിലും ഗോൾഡ് കപ്പിലും ഗോളടിച്ചു കൂട്ടിയാണ് ഖത്തർ ടീമിന്റെ വരവ്.അറ്റാക്കിംഗ് ഫുട്ബോൾ ശീലമാക്കിയ ടീമിന്റെ സൂപ്പർ താരം 19 ആം നമ്പർ താരം അൽമോസ് അലിയാണ്.സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ അട്ടിമറിവിജയത്തോടെ ഹസൻ അൽ ഹൈദോസിനും സംഘത്തിനും അരങ്ങേറണം. അതേസമയം നാലാം ലോകകപ്പിന് ഇറങ്ങുന്ന ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിന് ആശങ്കകൾ ഏതുമില്ല. ഗുസ്താവോ അൽഫാരോ എന്ന പരിശീലകന് കീഴിൽ ടീം ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. യൂറോപ്യൻ ലീഗുകളിൽ പയറ്റിത്തെളിഞ്ഞ താരങ്ങളാണ് ഇക്വഡോറിന്റെ കരുത്ത്. 13 ആം നമ്പർ ജഴ്സിയണിയുന്ന നായകൻ എന്നർ വലൻസിയയാണ് ടീമിന്റെ വജ്രായുധം. ലാറ്റിനമേരിക്കയും ഏഷ്യയും തമ്മിലുള്ള പോരിന് കൂടിയാണ് അൽബായ്ത് സ്റ്റേഡിയം വേദിയാവുക.