ലോകം ഒറ്റപ്പന്താകാൻ ഇനി മണിക്കൂറുകൾ മാത്രം. ഫുട്ബോൾ ലോകകപ്പിന് നാളെ ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ കിക്കോഫാകും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് എതിരാളി ഇക്കഡോർ ആണ്.അതിരും മായുന്ന സംഗമഭൂമിയാണ് ലോകകപ്പ്. വൻകരകളും രാജ്യങ്ങളും കൊടികളും ഭാഷയും മതവും നിറവുമെല്ലാം അപ്രസക്തമാകുന്ന സുന്ദരകാലം. പന്തുരുണ്ടാൽ ലോകം അതിനുപിന്നാലെയാണ്. പിന്നെ മറ്റൊന്നുമില്ല. സമസ്ത വികാരങ്ങളും പന്തിനോടുമാത്രം. ഖത്തറിനെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത് 2010 ഡിസംബർ മൂന്നിനാണ്. അന്നുമുതൽ ലോകകപ്പ് വിജയമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു കൊച്ച് അറബ് രാജ്യം. ഒട്ടേറെ വിമർശനങ്ങളും ആക്ഷേപശരങ്ങളുമുണ്ടായി. പതറാതെ എല്ലാം മറികടന്ന് ലോകത്തിനുമുമ്പിൽ ഇപ്പോഴിതാ ഖത്തർ നെഞ്ചുവിരിച്ച് നിൽക്കുന്നു. ഈ ലോകകപ്പിന് സവിശേഷതകൾ ഏറെ ഉണ്ട്. അറബ്ലോകത്തെ ആദ്യ ലോകകപ്പ് . ഏഷ്യയിൽ രണ്ടാംതവണ വിരുന്നിനെത്തുന്ന വിശ്വ കാൽപന്ത് കളി മാമാങ്കം.ഏറ്റവും ചെറിയ ആതിഥേയ രാജ്യമെന്ന പ്രത്യേകതയുമുണ്ട്. 32 ടീമുകൾ അണിനിരക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണിത്. അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്ത ആതിഥേയരാകുന്ന 2026ലെ ലോകകപ്പ് 48 ടീമുകളുടേതാണ്. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് നടക്കാറുള്ളത്. ആ സമയത്ത് ഖത്തറിൽ കടുത്ത ചൂടായതിനാലാണ് തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്. പുരുഷ ലോകകപ്പിൽ ആദ്യമായി വനിതാ റഫറിമാരെത്തുന്നതും സവിശേഷതയാണ്. ഇക്കുറി യൂറോപ്പിൽനിന്ന് 13 ടീമാണുള്ളത്. ഏഷ്യയിൽനിന്നാദ്യമായി ആറ് ടീമുകൾ മത്സരിക്കുന്നുണ്ട്. ഖത്തർ ആതിഥേയരായതാണ് ഏഷ്യക്ക് നേട്ടമായത്. ലോകകപ്പ് കേരളത്തിന് ഇത്രയടുത്ത് എത്തുന്നതും ആദ്യം. അതിനാൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പുമാകും ഇത്. സോക്കർ യുദ്ധത്തിന്റെ ഉറക്കമില്ലാത്ത രാവുകളിലേക്കാണ് ഖത്തർ ലോകത്തെ നയിക്കുന്നത്. നാളെയാണ് കാൽപന്ത് കളിയുടെ വിശ്വ മാമാങ്കത്തിന് കിക്കോഫാവുക.അടുത്ത മാസം 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് കാൽപന്ത് കളിയിലെ ലോക രാജാക്കന്മാരുടെ പട്ടാഭിഷേകം.