ഖത്തർ ലോകകപ്പിൽ ഇന്ന് കലാശ പോരാട്ടം, ഇന്ത്യൻ സമയം 8 .30 ന് ലുസൈൽ സ്റ്റേഡിയത്തിൽ അര്‍ജന്റീന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും.
ലോകകപ്പ് ചരിത്രത്തിലെ 22 ാം ഫൈനൽ പോരാട്ടം, 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മുത്തമിടാൻ അർജന്റീനയും, കിരീടം നിലനിർത്താൻ ഫ്രാൻസും ഇറങ്ങുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്, ലോകകപ്പിൽ മൂന്നാം കിരീടം ലക്ഷ്യം വച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്, ക്ലബ് ഫുട്ബോളിൽ സഹതാരങ്ങളായ ലയണൽ മെസിയിലും എംബാപ്പെയിലുമാണ് ഇരു ടീമുകളുടെയും പ്രതീക്ഷ, എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലും നോക്ക് ഔട്ട് റൗണ്ടിലും സെമിയിലും ഗോൾ അടിച്ചും അടിപ്പിച്ചും മെസ്സി തന്നെയാണ് അർജന്റീനയെ നയിക്കുന്നത്, ലോകകപ്പ് ചരിത്രലെങ്ങുമില്ലാത്ത മെസ്സിയുടെ പുതിയ രൂപവും ഭാവവുമാണ് ഖത്തറിൽ കാണുന്നത്, എന്നാൽ ഈ 35 കാരന്റെ പ്രതീക്ഷകൾക്ക് ഇരട്ടി വേഗം ഊർജ്ജവും നൽകുന്നത് കപ്പിൽ കുറച്ചൊന്നും സ്വപ്നം കാണാത്ത സ്കെലോണിയും യുവനിരയുമാണ്. ഡി പോൾ, അൽവാരെസ്, ഓട്ടമെന്റി ഒപ്പം അവസാന ലോകകപ്പിനിറങ്ങുന്ന ഡി മരിയ അര്‍ജന്റീന കടലാസിലും കരുത്തരാണ്. ആദ്യ മത്സരം തോറ്റു തുടങ്ങിയ അര്‍ജന്റീന അവസമരണീയമായ കുതിപ്പാണ് പിന്നീട് നടത്തിയത്. സെമിയിൽ ക്രൊയേഷ്യയെ മൂന്ന് ഗോളുകൾക്ക് തകർത്തെത്തുന്ന അര്‍ജന്റീന തികഞ്ഞ ആത്മ വിശ്വാസത്തിലുമാണ്. എന്നാൽ കന്റെയും പോഗ്ബയും ബേനസീമയുമില്ലാത്ത ഫ്രഞ്ച് പടയെ ലോകകപ്പിന്റെ കലാശ പോരാട്ടത്തിനെത്തിച്ചത് ദെഷാംപ്സ് എന്ന പരിശീലകന്റെ തന്ത്രങ്ങളാണ്, ആന്റോയ്ന്‍ ഗ്രീസ്മാൻ എന്ന മധ്യ നിര താരത്തിന്റെ കാലുകൾ തന്നെയാണ് ഫൈനൽ പോരാട്ടത്തിലും ഫ്രാൻസിനെ നയിക്കുക, ഗ്രൂപ്പ് ഘട്ടത്തിൽ ടുണീഷ്യയോട് തോറ്റെങ്കിലും പോളണ്ടിനെ പ്രീ-ക്വാർട്ടറിൽ വീഴ്ത്തി. ക്വാർട്ടറിൽ കരുത്തരായ ഇംഗ്ലണ്ടിനെ മറികടന്നുമാണ് ഫ്രാൻസ് അവസാന നാലിലെത്തിയത്. സെമിയിൽ മൊറോക്കോയുടെ പോരാട്ട വീര്യത്തിന് മുന്നിൽ വെള്ളംകുടിച്ചെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കി ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു. പരിക്കും പനിയുംഅലട്ടുന്ന ഫ്രാൻസിന് വരനെ, ഹെർണാണ്ടസ് പോലുള്ള വിശ്വസ്ത ഭടന്മാരുടെ സേവനം ഫൈനലിൽ നഷ്ടമായേക്കും, പക്ഷെ ലോക കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ ഹ്യൂഗോ ലൊറീസും സംഘവും സുസജ്ജമാണ്.
ചരിത്രത്തിലേക്ക് ഒരു ലോകകപ്പ് പോരാട്ടം കൂടി, വിശ്വ കായിക മാമാങ്കത്തിന്റെ അവസാന വിസിലിൽ മെസ്സി എന്ന ഇതിഹാസം പൂര്‍ണതയിലെത്തുമോ, അതോ ഫ്രഞ്ച് പോരാളികൾ കപ്പിൽ വീണ്ടും മുത്തമിടുമോ. ലുസൈൽ ഉത്തരം നൽകും മണിക്കൂറുകൾക്കുള്ളിൽ