ക്വാർട്ടർ പോരാട്ടത്തിനായി ബ്രസീൽ ആദ്യം ബൂട്ടണിയുമ്പോൾ തൊട്ട് പിന്നാലെയുണ്ട് അർജന്റീനയും. ഇതോടെ ഫുട്ബോൾ ലോകം ആകെ കാത്തിരിക്കുന്ന അർജന്റീന- ബ്രസീൽ സെമി ഫൈനൽ പോരാട്ടത്തിനായിരിക്കും കളമൊരുങ്ങുന്നത്. ക്വാർട്ടറിൽ വിജയിച്ചാൽ ലോകകപ്പിൽ 32 വർഷത്തിനു ശേഷം ബ്രസീലും അർജന്റീനയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടും. നോക്കൗട്ട് മത്സരങ്ങളിലെ ഫലങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ വന്നാൽ ഫൈനലിന് മുൻപൊരു സ്വപ്ന സെമിഫൈനലായിരിക്കും ഖത്തർ ലോകകപ്പിൽ അരങ്ങേറാൻ പോകുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ നാലു തവണയാണ് അർജന്റീനയും ബ്രസീലും നേർക്കുനേർ എത്തിയിട്ടുള്ളത്. 1974, 1978, 1982, 1990ലെ ലോകകപ്പുകളിലായിരുന്നു ഈ പോരാട്ടങ്ങൾ. ഇതിൽ രണ്ടു തവണ ബ്രസീലും ഒരു തവണ അർജന്റീനയും വിജയിച്ചു. ഒരു മത്സരം സമനിലയിലും കലാശിച്ചു.. 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബ്രസീലിനെ കീഴ്പ്പെടുത്തി അർജന്റീന 2021 കോപ്പ അമേരിക്ക കിരീടം ചൂടി.അർജന്റീനയുടെ ക്വാർട്ടർ ഫൈനലിലെ എതിരാളിയായ നെതർലാന്റസ് അത്ര നിസാരക്കാരല്ല. തന്ത്രശാലിയായ പരിശീലകൻ ലൂയി വാൻ ഗാലിന് കീഴിൽ പ്രതിരോധത്തിന്റെ കരുത്തുമായി എത്തുന്ന മികച്ച ഫോമിൽ കളിക്കുന്ന ഓറഞ്ചുപടയെ കീഴടക്കാൻ മെസ്സിയ്ക്കും സംഘത്തിനും അൽപം വിയർക്കേണ്ടിവരും. കളിക്കളത്തിൽ കരുത്തിന്റെ മായാജാലം ഒത്തിണങ്ങിയാൽ നീലപ്പടയ്ക്ക് മുന്നോട്ട് കുതിക്കാം. ഇല്ലെങ്കിൽ ലോകകപ്പെന്ന സ്വപ്നം വീണ്ടും ബാക്കിയാക്കി ഖത്തറിൽ നിന്ന് മടങ്ങേണ്ടിവരും. 2018 ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയാണ് ബ്രസീൽ നേരിടുന്നത്. എഷ്യൻ കരുത്തുമായി എത്തിയ ജപ്പാനെ മറികടന്നാണ് ക്രോയേഷ്യ എത്തുന്നത്. ഖത്തർ ലോകകപ്പിൽ ഏറ്റവും ഏകപക്ഷീയമായി മാറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ഇനി അപ്രതീക്ഷിത ട്വിസ്റ്റ് ഒന്നും സംഭവിച്ചില്ല എങ്കില്ലെങ്കിൽ ഡിസംബർ 14ന് ഇന്ത്യൻ സമയം രാത്രി 12.30ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇളം നീലിമ ചാലിച്ച ജഴ്സിയണിഞ്ഞ ഫുട്ബോൾ മിശിഹ ലിയോണൽ മെസ്സിയും സംഘവും കാനറി പക്ഷിയുടെ മഞ്ഞയിൽ മജീഷ്യൻ നെയ്മാർ പടയെ നേരിടും