ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തിലെ കന്നി ലോകകപ്പ് മത്സരമാണ് നാളെ അരങ്ങേറുക. ഗ്രൂപ്പ് സിയിലെ അര്‍ജന്റീന-സൗദി അറേബ്യ പോരാട്ടമാണ് ലുസൈലിലെ ആദ്യ മത്സരം. ലോകകപ്പ് ജേതാവിന്റെ കിരീടധാരണത്തിനും ലുസൈല്‍ സ്റ്റേഡിയം സാക്ഷിയാകും.80,000 കാണികളെ ഉൾകൊള്ളാനുള്ള ശേഷി ലുസൈൽ ഈസ്റ്റേഡിയത്തിനുണ്ട്. ഖത്തർ ദേശീയ ദിനത്തിന്റെ അതേ ദിവസം നടക്കുന്ന ഫൈനൽ അടക്കം ആകെ 10 മത്സരങ്ങൾക്ക് ലുസൈൽ സ്റ്റേഡിയം വേദിയാകും. നാളെ വൈകീട്ട് 3.30 നുള്ള അർജന്റീന-സൌദി അറേബ്യ പോരാട്ടത്തോടെ ലുസൈലിലെ മത്സരങ്ങൾക്ക് തുടക്കമാകും. 6 ഗ്രൂപ്പ് റൌണ്ട് മത്സരങ്ങളും 3 നോക്കൌട്ട് മത്സരങ്ങളും ഉൾപ്പെടെയാണ് ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറുക. നവീകരിച്ച റോഡുകൾ, ദോഹ മെട്രോ, ട്രാം എന്നിവയുമായി ലുസൈൽ സ്റ്റേഡിയത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് കഴിയുന്നതോടെ സീറ്റുകളുടെ എണ്ണം പകുതിയായി കുറച്ച് ആ സ്ഥലം വ്യാപാര സമുച്ചയമാക്കി മാറ്റാൻ കഴിയുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ നിർമാണം.