ഐ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും . മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 4:30 ന് നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഗോകുലം കേരള എഫ്സി – മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെ നേരിടും.
തുടർച്ചയായ രണ്ട് കിരീട നേട്ടങ്ങങ്ങളുടെ ആത്മ വിശ്വാസത്തിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ആതിഥേയർ ഇറങ്ങുന്നത്. കാമറൂൺ കോച്ച് റിച്ചാർഡ് ടോവയും സംഘവും മികച്ച പ്രതീക്ഷയിലാണ്. കാമറൂണിൽ നിന്നുള്ള അമിനൗ ബാബയാണ് ടീം നായകൻ. ആറു വിദേശ താരങ്ങൾ ഉള്ള ടീമിൽ മലയാളി താരങ്ങൾക്കാണ് പ്രാമുഖ്യം. 24 അംഗ സ്ക്വാഡിൽ 12 പേർ മലയാളികളാണ്. അർജന്റീനയിൽ നിന്നുള്ള ജുവാൻ കാർലോസ് നെല്ലാർ, ബ്രസിലിൽ നിന്നുള്ള എവെർട്ടൻ ഗുൽമാരെസ് എന്നിവർക്കു പുറമെ മലയാളികളായ അർജുൻ ജയരാജ്, നൗഫൽ, മുഹമ്മദ് ജാസിം, ടി ഷിജിൻ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. അഫ്ഗാൻ മിഡ്ഫീൽഡർ ഫർഷാദ് നൂർ, കാമറൂൺ സ്വദേശികളായ സോമലാഗ, ഡോഡിൻഡോ എന്നിവരും ടീമിലുണ്ട്. വൈകീട്ട് 4:30 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കളി കാണുന്നതിനുള്ള ടിക്കറ്റുകൾ മലപ്പുറം ഗോകുലം ചിട്ടി ഓഫീസുകളിലും ഓൺലൈനിലും ലഭ്യമാണ്. കഴിഞ്ഞ സീസണിലെ ഫൈനലിൽ മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ തോൽപ്പിച്ചാണ് ഗോകുലം കിരീടം ചൂടിയത് എന്നതിനാൽ ഇന്നത്തെ മത്സരത്തിന് വീറും വാശിയും ഏറെയാണ്.