ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് മിന്നും ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സുദേവാ ഡൽഹി എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. ഐ ലീഗിൽ നിറം മങ്ങിയ നിലവിലെ ചാമ്പ്യൻമാർ സ്വന്തം തട്ടകത്തിൽ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ആദ്യപകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതി ഗോകുലത്തിന്റെ മുന്നേറ്റമായിരുന്നു. ടി ഷിജിന്റെ ഇരട്ട ഗോളാണ് ഗോകുലത്തിന്റെ വിജയം അനായാസാമാക്കിയത്. 52 ആം മിനുറ്റിൽ ദോദി ആൽഫഡാണ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. എട്ട് മിനിറ്റുകൾക്കിടയിലായിരുന്നു ഷിജിൻ രണ്ടു തവണ ലക്ഷ്യം കണ്ടത്.
ജയത്തോടെ ആറ് കളികളിൽ നിന്ന് 11 പോയിന്റുമായി ഗോകുലം കേരള എഫ്സി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. തുടർച്ചയായി രണ്ടു തവണ ജേതാക്കളായ ഗോകുലം കേരള എഫ്സി ഹാട്രിക്ക് കിരീടമാണ് ലക്ഷ്യമിടുന്നത്..