ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. ആദ്യ കളിയില്‍ പാക് വനിതകളെ പരാജയപ്പെടുത്തിയ ഹര്‍മന്‍പ്രീത് കൗറും സംഘവും വെസ്റ്റ് ഇന്‍ഡീസ് വനിതകളെ ആറ് വിക്കറ്റിന് തോല്‍പിച്ചു. വിന്‍ഡീസ് മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി. ബൗളിംഗില്‍ ദീപ്‌തി ശര്‍മ്മയും ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷും ഇന്ത്യക്കായി തിളങ്ങി. 15 റണ്‍സിന് മൂന്ന് വിക്കറ്റുമായി ദീപ്‌തിയാണ് കളിയിലെ താരം. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം.മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയും സ്‌മൃതി മന്ദാനയും ആക്രമിച്ച് തുടങ്ങിയതോടെ ഇന്ത്യ പ്രതീക്ഷയിലായി. എന്നാല്‍ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് നില്‍ക്കേ മന്ദാനയെ കരിഷ്‌മയുടെ പന്തില്‍ റഷാഡ വില്യംസ് സ്റ്റംപ് ചെയ്‌തത് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ അര്‍ധസെഞ്ചുറി കുറിച്ച് വിജയശില്‍പിയായ ജെമീമ റോഡ്രിഗസിനും തിളങ്ങാനായില്ല. അഞ്ച് പന്തില്‍ 1 റണ്‍സ് മാത്രം നേടിയ ജെമീമയെ ഹെയ്‌ലി മാത്യൂസ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.