Home Sports ഐഎസ്എൽ: ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഐഎസ്എൽ: ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

38
0

ഐഎസ്എല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ബെംഗളൂരു എഫ് സിയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ബെംഗളൂരുവിന്‍റെ തട്ടകത്തിലാണ് മത്സരം.ചെന്നൈയിൻ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് വിജയവഴിയിൽ എത്തിയ ആശ്വാസത്തിലും ആത്മവിശ്വാസത്തിലുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് വൈരികളായ ബെംഗളൂരു എഫ്‌സിക്ക് മുന്നിലെത്തുന്നത്. മുപ്പത്തിയൊന്ന് പോയിന്‍റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. നോക്കൗട്ടിലേക്ക് ബ്ലാസ്റ്റേഴ്‌സിനൊപ്പം മത്സരിക്കുന്ന ബെംഗളൂരുവിനെ നാളെ തോൽപിച്ചാൽ കാര്യങ്ങൾ എളുപ്പമാവും. ശേഷിക്കുന്ന കളികളില്‍ എടികെ മോഹന്‍ ബഗാൻ, ഹൈദരാബാദ് എഫ്‌സി എന്നിവരെ മഞ്ഞപ്പടയ്ക്ക് സമ്മർദമില്ലാതെ നേരിടാം. പരിക്കേറ്റ മാർകോ ലെസ്കോവിച്ചിന്‍റെ അഭാവം മറികടക്കുകയാണ് വെല്ലുവിളി. അവസാന അഞ്ച് കളിയും ജയിച്ചുനിൽക്കുന്ന ബെംഗളൂരുവിനെ അവരുടെ തട്ടകത്തിൽ കീഴടക്കുക അത്ര എളുപ്പമല്ല. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളിന് തോറ്റതിന്‍റെ പകരംവീട്ടാനുമുണ്ട് ബെംഗളൂരുവിന്. 17 കളിയിൽ 25 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിലെത്തുക. മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്‌സിയും മാത്രമേ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളൂ. ബാക്കി നാല് സ്ഥാനത്തിനായി അഞ്ച് ടീമുകൾ തമ്മിലാണ് പോരാട്ടം. ഇതുവരെ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും നേർക്കുനേർ വന്നത് 11 കളിയിലെങ്കില്‍ ബിഎഫ്‌‌സി ആറിലും കെബിഎഫ്‌സി മൂന്നിലും ജയിച്ചു. രണ്ട് കളി സമനിലയിൽ പിരിഞ്ഞു.

Previous articleഅനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ച 34,550 പേർക്ക് 5.17 കോടി പിഴ ഈടാക്കി
Next articleഹജ്ജ് തീർത്ഥാടനം: അപേക്ഷ സ്വീകരിച്ചുതുടങ്ങി, മാർച്ച് 10 വരെ സമയം