ഐഎസ്എല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ബെംഗളൂരു എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് 0-1ന് തോല്‍വി വഴങ്ങി. ആദ്യപകുതിയില്‍ റോയ് കൃഷ്‌ണ നേടിയ ഗോളിലാണ് ബിഎഫ്‌സിയുടെ വിജയം. സീസണില്‍ ബെംഗളൂരുവിന്‍റെ തുടര്‍ച്ചയായ ആറാം ജയമാണിത്. തോറ്റെങ്കിലും 18 കളിയില്‍ 31 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാമതാണ്. 28 പോയിന്‍റുമായി ബെംഗളൂരു എഫ്‌സി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ന് ജയിച്ചിരുന്നേല്‍ മഞ്ഞപ്പടയ്ക്ക് പ്ലേഓഫിലെത്താമായിരുന്നു. കരുത്തരായ എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സിക്കെതിരേയുമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അവശേഷിക്കുന്ന മത്സരങ്ങള്‍. മത്സരത്തിന്‍റെ ആദ്യപകുതിയില്‍ 32-ാം മിനുറ്റില്‍ നേടിയ മുന്‍തൂക്കം നിലനിര്‍ത്തുകയായിരുന്നു സ്വന്തം തട്ടകത്തില്‍ ബെംഗളൂരു എഫ്‌സി. ഹാവി ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്‌ണ സ്കോര്‍ ചെയ്‌തതോടെ ആദ്യപകുതി ബെംഗളൂരുവിന്‍റെ മുന്‍തൂക്കത്തോടെ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്‍റെ വിടവിലൂടെയായിരുന്നു റോയ് കൃഷ്‌ണയുടെ വിജയ ഗോള്‍. മറുവശത്ത് സഹല്‍ അബ്‌ദുല്‍ സമദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇരുപകുതിയിലും വലചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല