അന്താരാഷ്ട്ര ക്രിക്കറ്റ് റാങ്കിങ്ങിൽ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടിയതോടെ ടി20ക്കും ഏകദിനത്തിനും പിന്നാലെ ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിലും ഇന്ത്യ, ഒന്നാം സ്ഥാനത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. പുതുതായി ഇറങ്ങിയ ICC റാങ്കിങ്ങിലാണ് ഇന്ത്യൻ പുരുഷ ടീം, ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാമതെത്തുന്നത്. ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം. 2014ൽ ഹാഷിം ആംലയുടെ നായകത്വത്തിലാണ് ദക്ഷിണാഫ്രിക്ക എല്ലാ ഫോർമാറ്റിലും ഒന്നാമതെത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യൻ ടീമും ഇതോടെ ഇന്ത്യയായി. ടെസ്റ്റിൽ 115, ഏകദിനത്തിൽ 114, ട്വന്റി 20യിൽ 267 എന്നിങ്ങനെയാണ് ടീം ഇന്ത്യയുടെ പോയന്റ്. ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് മുമ്പ് ആസ്ട്രേലിയയായിരുന്നു ഒന്നാമത്. എന്നാൽ, നാഗ്പൂരിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 132 റൺസിനും ആസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ടീം ഇന്ത്യ ഒന്നാം റാങ്കിലേക്ക് കുതിക്കുകയായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ആസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. T20യിൽ വെറും ഒരു പോയിന്‍റ് വിത്യാസത്തിലാണ് ഇംഗ്ളണ്ട് രണ്ടാം സ്ഥാനത്ത് എത്തിയത്. ടി20യിൽ ഇന്ത്യൻ താരം സൂര്യകുമാർ ആണ് ബാറ്റിംഗിൽ ഒന്നാമത് നിൽക്കുന്നത്. കളിയുടെ എല്ലാ ഫോർമാറ്റുകളിലും ടീമിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്ക് അർഹതപ്പെട്ട അംഗീകാരമാണ് ഈ ഒന്നാം നമ്പർ റാങ്കിംഗ്. നിലവിൽ T20 ഫോർമാറ്റിൽ ഹാർദിക് പാണ്ഡേയും ഏകദിനത്തിലും ടെസ്റ്റിലും രോഹിത് ശര്മയുമാണ് ഇന്ത്യയുടെ നായക പദവി വഹിക്കുന്നത്. കളിയുടെ എല്ലാ ഫോർമാറ്റുകളിലും ടീമിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്ക് അർഹതപ്പെട്ട അംഗീകാരമാണ് ഈ ഒന്നാം നമ്പർ റാങ്കിംഗ്