മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാണ്ട് ചെയ്തു. തിരുവനന്തപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികള്‍ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
വധശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഇ പി ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.പ്രതികളെ പുറത്തു വിട്ടാല്‍ തെറ്റായ സന്ദേശമെന്ന് പ്രോസിക്യുഷന്‍ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നതാണ് തെറ്റായ സന്ദേശമെന്ന് പ്രതിഭാഗം വാദിച്ചു. തുടര്‍ന്നാണ് പ്രതികളെ 27 വരെ റിമാന്‍ഡ് ചെയ്തത്.ജാമ്യ ഹര്‍ജിയില്‍ നാളെ വാദം നടക്കും.
മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്.