300 കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസിൽ യെസ് ബാങ്ക് മുൻ എംഡിയും സിഇഒയുമായ റാണാ കപൂർ, അവന്താ ഗ്രൂപ്പിന്റെ ഗൗതം ഥാപ്പർ എന്നിവർക്ക് മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതി ജാമ്യം അനുവദിച്ചു. അവന്ത റിയൽറ്റി ലിമിറ്റഡിന്റെ ഹോൾഡിംഗ് കമ്പനിയായ ഓയ്സ്റ്റർ ബിൽഡ്വെൽ യെസ് ബാങ്കിൽ നിന്ന് എടുത്ത വായ്പ 2017 നും 2019നും ഇടയിൽ അത് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
അമൃത ഷെർഗിൽ മാർഗ് ബംഗ്ലാവ് ഇടപാടിൽ 384 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് റാണാ കപൂറിനും ഗൗതം ഥാപ്പറിനും എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചു. റാണാ കപൂറിനും ഭാര്യയ്ക്കും അവന്താ ഗ്രൂപ്പ് പ്രൊമോട്ടറായ ഗൗതം ഥാപ്പറിനും എതിരെ സിബിഐ രജിസ്റ്റർ ചെയ്ത മുൻ കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്.
ജാമ്യം നൽകിയെങ്കിലും അനുമതിയില്ലാതെ യാത്ര ചെയ്യരുത്, പാസ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ സമർപ്പിക്കണം, കേസ് തീർപ്പാക്കുന്ന എല്ലാ തീയതികളിലും കോടതിയിൽ ഹാജരാകണം, 5 ലക്ഷം രൂപ താൽക്കാലിക ജാമ്യമായി കെട്ടിവെയ്ക്കുക തുടങ്ങിയ ചില നിബന്ധനകൾ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.