ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍.ഡി.എ വിട്ടേക്കുമെന്ന് സൂചന. സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ സംസാരിച്ചെന്നാണ് വിവരം. രണ്ട് കേന്ദ്ര മന്ത്രി സ്ഥാനം, നിയമസഭ സ്പീക്കറെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായി കഴിഞ്ഞ കുറെ നാളുകളായി നിതീഷ് ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്.
ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാമത്തെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ബി.ജെ.പിയുമായി നിരവധി വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് എന്‍.ഡി.എ ഘടകകക്ഷി ജെ.ഡി.യു തലവന്‍ കൂടിയായ നിതീഷ് സുപ്രധാന യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
അഗ്നിപഥിലടക്കം പ്രതിഷേധിച്ച നിതീഷ് കുമാര്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും പ്രധാനമന്ത്രി വിളിച്ച നിതി ആയോഗ് യോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. എന്‍ഡിഎ വിട്ട് പുറത്തു വന്നാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.