Home News മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

146
0

മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഈ വെബ്‌സൈറ്റുകള്‍. എല്ലാ മന്ത്രിമാര്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റ് നിലവില്‍ വന്ന ആദ്യ സംസ്ഥാനമാണ് കേരളം.

സര്‍ക്കാര്‍ സംവിധാനങ്ങളും മന്ത്രി തലത്തില്‍ നടക്കുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളിലേക്ക് കൃത്യമായും സമഗ്രമായും വേഗത്തിലെത്തിക്കുവാന്‍ തക്ക രീതിയിലാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മന്ത്രി തലത്തില്‍ നടക്കുന്ന പ്രവര്‍ത്തങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികള്‍, ആനൂകൂല്യങ്ങള്‍, അവകാശങ്ങള്‍ തുടങ്ങിയവയുടെ അറിയിപ്പുകളും ലഭ്യമാകും.

ഓരോ മന്ത്രിമാരും കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, മന്ത്രിമാരുടെ പ്രൊഫൈല്‍, ഓഫീസ് വിവരം, ഫോട്ടോ ഗാലറി, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, വകുപ്പുകളുടെ സൈറ്റുകളില്‍ പ്രവേശിക്കാനുള്ള സംവിധാനം എന്നിവ ഉള്‍പ്പടെ വിപുലമായ സംവിധനങ്ങളോടെയാണ് വെബ്‌സൈറ്റുകള്‍ ഒരുക്കിയിട്ടുള്ളത്. അതത് ദിവസമുള്ള വാര്‍ത്തകള്‍, പുത്തന്‍ പദ്ധതികള്‍, മന്ത്രി തലത്തില്‍ നല്‍കുന്ന അറിയിപ്പുകള്‍ തുടങ്ങിയവ നല്‍കാന്‍ പ്രത്യേക സംവിധാനമുണ്ട്. ഇക്കാര്യങ്ങള്‍ സമയാസമയം പുതുക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പ്രവര്‍ത്തങ്ങളുടെ ഉപഭോക്താക്കള്‍ ആകുവാനും അതുവഴി അര്‍ഹമായ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാനുമുള്ള വിവരദായക സംവിധാനത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. മന്ത്രിതല പ്രവര്‍ത്തനങ്ങള്‍ സുതാര്യവും സമഗ്രവുമായി ജന സമൂഹത്തിലെത്തിക്കുന്ന ഒരു മികച്ച ഡിജിറ്റല്‍ സംവിധാനമായി ഈ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കും.

Previous articleരാജ്യത്ത് ഇപ്പോഴും വാക്‌സിന്‍ എടുക്കാത്തത് 4 കോടി ജനങ്ങള്‍
Next article1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല: കെഎസ്ഇബി