ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന പൊതു തെരഞ്ഞെടുപ്പുകളിൽ നോട്ടയ്ക്ക് 1.29 കോടി വോട്ടുകൾ ലഭിച്ചതായി എഡിആർ റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചും (ന്യൂ) ചേർന്ന് 2018 മുതൽ 2022 വരെ രാജ്യത്ത് നടന്ന വിവിധ തിരഞ്ഞെടുപ്പുകളിൽ നോട്ട നേടിയ വോട്ടുകളുടെ എണ്ണം വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇക്കാലയളവിൽ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് ശരാശരി 64.53 ലക്ഷം (64,53,652) വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൊത്തത്തിൽ നോട്ടയ്ക്ക് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ എണ്ണം 65,23,975 (1.06 ശതമാനം) ആണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പേർ നോട്ടയ്ക്ക് വോട്ട് ചെയ്തത് ബിഹാറിലെ ഗോപാൽഗഞ്ച് (എസ്സി) മണ്ഡലത്തിലാണ്, ഇവിടെ നിന്നും 51,660 വോട്ടുകൾ ആണ് നോട്ടയ്ക്ക് ലഭിച്ചത്. അതേസമയം നോട്ട വോട്ടുകളുടെ എണ്ണം ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്. 100 വോട്ടുകൾ മാത്രമാണ് നോട്ടയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്.