തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് വെള്ളിയാഴ്ച മരവിപ്പിച്ചു. 1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ് ആസ്തി മരവിപ്പിച്ചത്.
ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. രണ്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന, 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളില്‍ ഉള്‍പ്പെടുന്നുണ്ട്.
സിരുതാവൂര്‍, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകള്‍ സ്ഥിതി ചെയ്യുന്നത്. ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശശികല കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പുറത്തിറങ്ങിയത്. തമിഴ്‌നാട്ടിലെ പ്രതിക്ഷ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെയില്‍ ഏക നേതൃത്വത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമായിരിക്കെ പാര്‍ട്ടിയില്‍ തിരികെയെത്താന്‍ കരുക്കള്‍ നീക്കുകയാണ് വി.കെ.ശശികല.