എറാണാകുളം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ രഹസ്യവാദം. സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. കേസുമായി ബന്ധമില്ലാത്തവര്‍ കോടതി മുറിയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ദേശം നല്‍കി. കോടതി മുറിയില്‍ നിന്നു പുറത്തുപോകാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ബലാത്സംഗം ചെയ്തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ രണ്ടു കേസിലും ഇന്നുവരെ വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കോടതി നിര്‍ദ്ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പോലീസ് കടക്കാനും സാധ്യതയുണ്ട്.
ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെതെന്നും ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം. സിനിമയില്‍ അവസരം നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു.