സ്വർണ്ണക്കടത്തുക്കേസിൽ മുഖ്യമന്ത്രിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരുപോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐഎമ്മാണ് സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു. വിമാനത്തിൽ പ്രതിഷേധിച്ചവർ മദ്യപിച്ചിരുന്നു എന്ന് പറഞ്ഞത് പച്ചക്കളമാണെന്നും മദ്യപിച്ചതുപോലെ പെരുമാറിയത് ഇ പി ജയരാജനാണെന്നും വി ഡി സതീശൻ പറഞ്ഞു.
വിമാനത്തിലെ പ്രതിഷേധത്തില്‍ അക്രമം നടത്തിയത് ഇ.പി ജയരാജനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വധശ്രമത്തിന് കേസെടുക്കേണ്ടത് ജയരാജനെതിരെയാണെന്നും അക്രമം നടത്തുന്നത് സിപിഐഎം ആണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വിളപ്പിൽശാല ഇ എം എസ് അക്കാദമിയിലും വഴിയിൽ ഉടനീളവും കർശന സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്. ഇ എം എസ് അക്കാദമിയിലെ പരിപാടിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. ഇന്നത്തെ ആദ്യ പരിപാടി നടക്കുന്ന വിളപ്പിൽശാല ഇ എം എസ് അക്കാദമിയിലേക്ക് പോകുന്നതിനായി ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ കറുത്ത സാരി ഉടുത്ത് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് 10 ലധികം മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.