എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആക്രമണം കോൺഗ്രസിന്‍റെ രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോണഗ്രസോ യുഡിഎഫോ അറിഞ്ഞല്ല ആക്രമണമെന്നും . കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ പ്രതിരോധത്തിലായ സമയത്ത് അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്ന് വി ഡി സതീശൻ ആരോപിച്ചു. രാഹുൽ വരുന്ന സമയത്ത് കോൺഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യമാണെന്നും കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും സതീശന്‍ പറഞ്ഞു.
കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ ഇ പി ജയരാജൻ എന്തടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു. എന്ത് തെളിവാണ് ഇ പി ജയരാജൻറെ പക്കലുള്ളത്. പൊലീസ് അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെ. സിസി ടിവി ദൃശ്യങ്ങൾ വ്യക്തമല്ല.
അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. സർക്കാരിനെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തിന് ബോംബേറ് നടത്തി അക്രമം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ല. പൊലീസ് അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തട്ടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.