Home News മുണ്ടുടുത്ത മോദിയാണ് പിണറായി വിജയനെന്ന് വിഡി സതീശന്‍; പ്രതിപക്ഷത്തെ വിരട്ടാന്‍ നോക്കണ്ടെന്നും താക്കീത്

മുണ്ടുടുത്ത മോദിയാണ് പിണറായി വിജയനെന്ന് വിഡി സതീശന്‍; പ്രതിപക്ഷത്തെ വിരട്ടാന്‍ നോക്കണ്ടെന്നും താക്കീത്

189
0

ആരെയും ഭയമില്ലെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എല്ലാത്തിനേയും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുണ്ട് ഉടുത്ത നരേന്ദ്രമോദിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇത് ഹിറ്റ്ലറുടെ കേരളമായി മാറിയിരിക്കുന്നു. പ്രതിപക്ഷത്തെ വിരട്ടാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് അസാധാരണ സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. മറ്റൊരു മുഖ്യമന്ത്രിയും ഇങ്ങനെ കനത്ത സുരക്ഷയോടെ സഞ്ചരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കയറിയിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് കണ്ണില്‍ കൂടി കാണുന്നതെന്തും കറുപ്പായിട്ട് തോന്നുന്നതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ജനങ്ങളെ ബന്ദികളാക്കിയാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

വളരെ വിചിത്രമായ കാര്യങ്ങളാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറയുന്നു. മുഖ്യമന്ത്രി കറുപ്പ് നിറം നിരോധിച്ചുകളയുമോ എന്ന് പ്രതിപക്ഷത്തിന് ഇപ്പോള്‍ ആശങ്കയുണ്ട്. 2016 ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുതലേന്ന് മുഖ്യമന്ത്രി പറഞ്ഞത് ഒരു അവതാരങ്ങളേയും ഈ ഭരണത്തില്‍ കാണില്ല എന്നാണ്. ഒന്‍പതാമത്തെ അവതാരമാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അവതാരങ്ങളെ മുട്ടിയിട്ട് ഇപ്പോള്‍ നടക്കാനാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Previous articleകരിങ്കൊടി കണ്ടാല്‍ ഉടഞ്ഞ് പോകുന്ന വിഗ്രഹമാണോ മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പില്‍
Next articleഎല്ലാവര്‍ക്കും നീതി ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി