കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്.താന്‍ കോണ്ഗ്രസ്സുകാരന് ആണെന്നും അഞ്ച് പാര്‍ട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും അദ്ദേഹം വിമര്‍ശനത്തിന് മറുപടിയായി പറഞ്ഞു. കേരളത്തില്‍ ബിജെപി നേതാക്കളുടെ ആവശ്യം ഇല്ലാതായി.അവരുടെ പണി ഗവര്‍ണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവര്‍ണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശന് പറഞ്ഞു.
ഗവര്‍ണര്‍ ചെയ്തത് ഭരണഘടന ലംഘനമാണെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നെന്നും സതീശന് ആരോപിച്ചു. കേരളത്തിന്റെ ഗവര്‍ണറാകാന്‍ ആരിഫ് മുഹമ്മദ് ഖാന് യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തല വെട്ടി വെള്ളിത്താലത്തില്‍ വച്ചുകൊടുത്താണ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരത്തില്‍ ഒരു പരാമര്‍ശം പൊതുഭരണസെക്രട്ടറി നിയമന ഉത്തരവില്‍ എഴുതില്ല. എന്നിട്ടും ആ ഉദ്യോഗസ്ഥനെ ബലിയാടാക്കിയതെന്തിന് എന്ന് വ്യക്തമാക്കണം, പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.