മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ലെന്നും വി ഡി സതീശന് പറഞ്ഞു.
നിയമസഭയിലെ നിലപാടുകള്‍ യുഡിഎഫ് ആലോചിച്ചാണ് തീരുമാനിക്കുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടത്. തനിക്ക് പോലും ഒറ്റയ്ക്ക് അത്തരം തീരുമാനം എടുക്കാനാവില്ലെന്നും വി.ഡി.സതീശന് പറഞ്ഞു. പെന്ഷന് പ്രായം സംബന്ധിച്ച ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയെ കുത്തുന്ന രീതിയിലുള്ള മറുപടി. അതേസമയം, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ കെ.എസ്.ഇ.ബി അഴിമതിയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങള്‍ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായി കെപിസിസി നേതൃത്വം. നിര്‍ണായക തീരുമാനങ്ങള്‍ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നതില്‍ കെപിസിസി വിയോജിപ്പ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി.സതീശന്റെ പരസ്യ പ്രതികരണം.
ഹൈക്കോടതി സില്‍വര്‍ ലൈനിന് അനുമതി നല്‍കിയെന്ന പ്രചരണം തെറ്റാണെന്നും വിഡി സതീശന് പറഞ്ഞു. സാമൂഹിക ആഘാത പഠനം നടത്താനാണ് അനുമതി നല്‍കിയത്. കട ഉടമയ്ക്ക് എതിരായ സി.ഐ.ടി.യു സമരത്തെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ന്യായീകരിക്കുന്നത് സങ്കടകരമാണ്. പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം സി.പി.എം ഘടകങ്ങളില്‍ അഹങ്കാരം ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.