നയപ്രഖ്യാപനത്തില്‍ ഒപ്പുവെക്കാന്‍ വൈകിയതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കള്‍ വാങ്ങലുകള്‍ നടക്കുകയാണെന്നും
സര്‍ക്കാരുമായി ഗവര്‍ണര്‍ ഗൂഢാലോചന നടത്തിയാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സര്‍ക്കാരിനെ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തു. ഗവര്‍ണര്‍ക്കുവേണ്ടി പൊതുഭരണ സെക്രട്ടറിയുടെ തലവെട്ടി വെള്ളിപ്പാത്രത്തില്‍ വെച്ചുനല്‍കി. നയപ്രഖ്യാപനം ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതിഷേധവുമായെത്തിയ പ്രതിപക്ഷത്തെ ഗവര്‍ണര്‍ ശാസിച്ചു. ഉത്തരവാദിത്തം മറക്കരുതെന്നാണ് ഗവര്‍ണര്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കിയത്. പ്രതിപക്ഷ നേതാവ് സംസാരിക്കാനായി എഴുന്നേറ്റപ്പോള്‍ ഗവര്‍ണര്‍ ക്ഷോഭം പ്രകടിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സഭയിലെത്തിയതോടെ ‘ഗോ ബാക്ക്’ മുഴക്കിയ പ്രതിപക്ഷം ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ ഇറങ്ങിപ്പോയിരുന്നു. അവസാനമണിക്കൂറില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്. അസാധാരണ സാഹചര്യത്തെ ഗവര്‍ണര്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മറികടന്നത്.