Home News വടകര കസ്റ്റഡി മരണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് വീണ്ടും നിര്‍ദ്ദേശം

വടകര കസ്റ്റഡി മരണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് വീണ്ടും നിര്‍ദ്ദേശം

119
0
വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം വീണ്ടും നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷനിലായ എസ്.ഐ എം.നിജേഷ്,എഎസ്‌ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചങ്കിലും മൂന്ന് ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിന്ന് മുന്‍പില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും നിര്‍ദേശം നല്‍കിയത്.
രാവിലെ വടകര സ്റ്റേഷനില്‍ ഹാജരാകാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ സസ്‌പെന്‍ഷനിലായ സി.പി.ഒ പ്രജീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പോലീസ് സര്‍ജന്റെ മൊഴി എടുത്താല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണം സംഘം.
വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെകര്‍ നിജേഷ്  കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.
മര്‍ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Previous articleസോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് 
Next articleആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടിലെ മൂന്ന് ഫാമുകളിലെ പന്നികളെ ഇന്ന് കൊല്ലും