ഡിവൈ എഫ്‌ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഓഫീസ്. ആയുധങ്ങളുമായി മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് കന്റോണ്‍മെന്റ് ഓഫിസില്‍ അതിക്രമിച്ച് കയറിയത്. അകത്ത് കയറിയവര്‍ വി ഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെറിഞ്ഞെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് തടഞ്ഞുവെച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റ് പ്രവര്‍ത്തകന്‍ ചാടിക്കടക്കുകയായിരുന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐയുടെ കന്റോണ്‍മെന്റ് മാര്‍ച്ച്. ഫ്‌ലക്‌സുകള്‍ വലിച്ചു കീറിയും കൊടിമരം പിഴുതെറിഞ്ഞും റോഡില്‍ കുത്തിയിരുന്നും പ്രതിഷേധം മുന്നേറുന്നതിനിടെയാണ് മൂന്ന് പേര്‍ എല്ലാ സുരക്ഷയും മറികടന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് കടന്നത്.
പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ്
ഉച്ചയ്ക്ക് 12:20 ന് ആയുധങ്ങളുമായി മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസ് വളപ്പില്‍ അതിക്രമിച്ച് കയറി. ‘പ്രതിപക്ഷ നേതാവ് എവിടെ…. അവനെ കൊല്ലും…..’ എന്ന് ആക്രോശിച്ച് കന്റോണ്‍മെന്റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടുപേര്‍ പൊലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസുകാര്‍ തടഞ്ഞുവെച്ചു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസ്, സിറ്റി പൊലീസ് കമ്മിഷണറെയും മ്യൂസിയം പൊലീസിനെയും വിവരമറിച്ചു. തുടര്‍ന്ന് പുറത്ത് നിന്ന് കൂടുതല്‍ പൊലീസ് എത്തിയ ശേഷം കന്റോണ്‍മെന്റ് ഹൗസ് വളപ്പില്‍ നിന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടുപോയി. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമികള്‍ പരിക്കേല്‍പ്പിക്കുകയും കന്റോണ്‍മെന്റ് വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. മാരാകായുധങ്ങളുമായി കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും.