Home News കിഴക്കമ്പലത്ത് ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ്

കിഴക്കമ്പലത്ത് ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ്

282
0

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ദീപുവിനെ മര്‍ദിച്ചത് പ്രമുഖ സിപി ഐ എം നേതാക്കളുടെ സാന്നിധ്യത്തിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മര്‍ദനത്തിനിരയായ സി.കെ.ദീപു ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്. കുന്നത്തുനാട് എം എല്‍ എയ്ക്കെതിരെ നടന്നത് സമാധാനപരമായ സമരമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെഎസ്ഇബി തടസം നിന്നത് എംഎല്‍എയും സര്‍ക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. സിപിഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദിച്ചു. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്.

പിന്നീട് വീടിനു മുന്നിലെത്തിയ അക്രമികള്‍, ദീപുവിനു ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു രക്തം ഛര്‍ദിക്കുകയും അത്യാസന നിലയിലാകുകയും ചെയ്തതിനെത്തുടര്‍ന്ന് പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ദീപുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

 

Previous articleഅഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദി; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍
Next articleദീപുവിന്റെ മരണത്തില്‍ കുറ്റക്കാരെ സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പി.വി ശ്രീനിജിന്‍ എംഎല്‍എ