സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു.യു.ലളിതിന്റെ പേര് ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ലളിതിന്റെ നിയമനം. നവംബര്‍ എട്ടിനു വിരമിക്കുന്ന ലളിതിനു മൂന്നു മാസത്തെ കാലാവധിയാണുള്ളത്.
ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ശുപാര്‍ശ ചെയ്യേണ്ടത് നിലവിലുള്ള ചീഫ് ജസ്റ്റീസാണ്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയോട് നിര്‍ദേശം ചോദിച്ചിരുന്നു.
‘മുത്തലാഖ്’ വഴിയുള്ള വിവാഹമോചനം നിയമവിരുദ്ധമാണെന്ന് വിധിച്ച ബെഞ്ചിലെ അംഗമാണ് യു.യു ലളിത്. നിയമിക്കപ്പെട്ടാല്‍, സുപ്രീംകോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു.യു .ലളിത്. ജസ്റ്റിസ് എസ്.എം.സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.
1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത്, 1983 ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014 ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുന്‍പ്, 2ജി കേസിന്റെ വിചാരണയില്‍ സി ബി ഐയുടെ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിരുന്നു.