കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി നടക്കുന്ന വേദി കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ഡെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവമോര്‍ച്ച പ്രവര്‍ത്തകരായ രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് അറസ്റ്റ് ചെയ്തത്
അറസ്റ്റിലായത് യുവമോര്‍ച്ച പ്രവര്‍ത്തകരായ അവന്തിക സുരേഷും മറ്റൊരു ട്രാന്‍സ് വുമണുമാണ്. രണ്ട് പേരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്ഥലത്ത് നിന്ന് നീക്കി. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ പരിപാടിക്ക് സമീപം വഴി നടക്കാൻ തങ്ങളെ അനുവദിച്ചില്ലെന്നാണ് ഇവർ പറയുന്നത്. തങ്ങൾ ധരിച്ചിരിക്കുന്ന കറുത്ത വസ്ത്രമാണോ പ്രശ്‌നമെന്ന് ട്രാൻസ് ജെൻഡേഴ്‌സ് യുവതികൾ പൊലീസിനോട് ചോദിച്ചു. കരിങ്കൊടി കാണിക്കാനെത്തിയ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എറണാകുളം പുത്തന്‍പാലത്ത് കരിങ്കൊടി കാണിക്കാന്‍ എത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധ സാധ്യതയെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കി പൊലീസ്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ കനത്ത സുരക്ഷ.