നീന്തല്‍ പഠിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. 16 വയസുകാരായ ജഗന്‍, സായൂജ് എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ മുങ്ങിപ്പോവുകയും രണ്ടാമന്‍ രക്ഷിക്കാനായി ചാടുകയുമായിരുന്നു. ഇരുവരെയും ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചു.
പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിടെയാണ് അപകടം ഉണ്ടായത്. കല്ലടത്തൂര്‍ സ്‌കൂളിലെ തന്നെ സഹപാഠികളായ 8 പേര്‍ കുമരനെല്ലൂരിലെ ഫുട്ബാള്‍ ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങവേ ആണ് കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്.
തളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്റെ മകനാണ് ജഗന്‍. കൊമ്മാത്ര വളപ്പില്‍ സുകുമാരന്റെ മകനാണ് സായൂജ്. മൃതദേഹങ്ങള്‍ എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.