ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. ജമ്മു കശ്മീരില്‍ ഷോപിയാനിലെ സൈനാപോര മേഖലയിലാണ് മണിക്കൂറുകളായി ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന നേരത്തേ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെ ഭികരര്‍ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു.
സൈനാപോരയിലെ ചെര്‍മര്‍ഗില്‍ പൊലീസും സേനയും സംയുക്തമായി ഭീകരര്‍ക്കായി പുലര്‍ച്ചെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു. സയ്നപോരയിലെ ചെര്മാര്ഗ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സേനാംഗങ്ങള്‍ ഇവിടെയെത്തിയത്.
ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട സേനാംഗങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജ്യത്തിന്റെ രണ്ട് ജവാന്മാര്ക്ക് ജീവന് നഷ്ടമായത്.