Home News പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു

പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു

224
0

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്.

തലച്ചോറില്‍ ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്‌മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെഎസ്ഇബി തടസം നിന്നത് എംഎല്‍എയും സര്‍ക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. സിപിഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദിച്ചു. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്.

അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെ രക്തം ഛര്‍ദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

 

 

Previous articleപി.കുഞ്ഞാവു ഹാജിയെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു
Next articleരാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസ്; വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും