കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ മരണകാരണം ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന പി വി ശ്രീനിജന് എംഎല്‍എയുടെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ട്വന്റി 20 പ്രവര്‍ത്തകര്‍. പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ടാണ് ലിവര്‍ സിറോസിസാണെന്ന് പറയുന്നതെന്ന് ട്വന്റി 20 പ്രവര്‍ത്തകര്‍ ആരോപിച്ചു.
‘ഞങ്ങളാ അടിച്ചത്, ഞങ്ങള്‍ സിപിഎംകാരാ, അതില്‍ നിനക്കെന്താ വേണ്ടേടീ, എന്നാണ് അവരെന്നോട് ചോദിച്ചത്. എന്റൊപ്പം പ്രവര്‍ത്തിച്ചിരുന്ന എന്റെ സഹോദരനാ പോയത്. കിഴക്കമ്പലത്ത് എംഎല്‍എയെ കാല് കുത്തിക്കൂല്ല. ഓര്‍ത്തോ. പാവപ്പെട്ട ഒരാളുടെ പോലും മെക്കട്ട് പോലും കേറാന്‍ നിക്കാത്ത അവനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി. അതുകൊണ്ടാ അവന് ചികിത്സ വൈകിയതെന്നും വനിതാ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.
രണ്ട് ദിവസം വൈകിയാ അവനെ ആശുപത്രിയില്‍ കൊണ്ട് പോയത്. അതും ചോര ഛര്‍ദ്ദിച്ചിട്ട്. ഇവിടെ കൊണ്ടുവന്ന പിന്നാലെ ഡോക്ടറ് പറഞ്ഞു വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന്. അവിടെ നിന്ന് പിന്നെ കുറച്ച് കഴിഞ്ഞപ്പോ പറഞ്ഞു വെന്റിലേറ്റര്‍ മാറ്റിയാല്‍ ആള് ബാക്കി ഉണ്ടാവില്ലെന്ന്. ബ്രെയിന്‍ ഡെത്തായി എന്നാ പറഞ്ഞത്. അങ്ങനെ രണ്ട് ദിവസമാ ഇവരിവിടെ അവനെ കിടത്തിയത്. ഇതിനെല്ലാം പിന്നില്‍ പി വി ശ്രീനിജന് എംഎല്‍എയാ’ അവര്‍ ആരോപിക്കുന്നു.
ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.