മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ. കരിമ്പം ഇടിസിയിലുള്ള കില ക്യാംപസിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിന്റെ ശിലാസ്ഥാപനവും നിർവഹിക്കാനാണ് പിണറായി വിജയൻ തളിപ്പറമ്പിൽ എത്തുന്നത്. ജില്ലയിലുള്ള മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. അതേസമയം സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആരംഭിച്ച പ്രതിഷേധം ഇന്നും തുടരും. സ്വന്തം സ്ഥലത്തെത്തുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഉദ്ഘാടന പരിപാടി 10.30 നാണ് നടക്കുന്നത്. വഴിയിലും പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ചും യുവജന സംഘടനകൾ പ്രതിഷേധത്തിന് ശ്രമിക്കാൻ സാദ്ധ്യതയുള്ളതിനാൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി കണ്ണൂരിൽ എത്തിയ മുഖ്യമന്ത്രി വീട്ടിൽ തങ്ങിയില്ല. സുരക്ഷയുടെ ഭാഗമായി ഗസ്റ്റ് ഹൗസിലായിരുന്നു താമസം.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സിറ്റി, റൂറൽ പരിധിയിലെ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും മുഴുവനായി ഉപയോഗപ്പെടുത്തും. 9 മുതൽ 12 വരെ തളിപ്പറമ്പിൽ ഗതാഗതം നിരോധിച്ചേക്കും. ചടങ്ങിൽ കറുത്ത മാസ്ക് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഉത്തര മേഖല ഡിഐജി രാഹുൽ ആർ.നായർ സുരക്ഷയ്ക്കു മേൽനോട്ടം വഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവരുടെ നേതൃത്വത്തിൽ 5 ഡിവൈഎസ് പിമാർ, 15 ഇൻസ്പെക്ടർമാർ, 45 എസ്ഐമാർ എന്നിവർ നേതൃത്വം നൽകും.
അതേസമയം പിണറായി വിജയനെതിരെ രാത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പത്ത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു.