Home News മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്; കാലാവസ്ഥ അനുകൂലമാകാൻ പ്രാർത്ഥനയോടെ പൂരപ്രേമികൾ

മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്; കാലാവസ്ഥ അനുകൂലമാകാൻ പ്രാർത്ഥനയോടെ പൂരപ്രേമികൾ

189
0

മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ വൈകിട്ട് നാലിന് വെടിക്കെട്ട് നടത്താനാണ് തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ ദിവസം നഗരത്തിൽ മഴ ഇല്ലാതിരുന്നത് പരിഗണിച്ചും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്​ കണക്കിലെടുത്തുമാണ് പുതിയ സമയം തീരുമാനമായത്. ഇക്കാര്യത്തിൽ ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​.

പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം പലതവണ മാറ്റി വയ്‌ക്കേണ്ടി വന്നത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. എന്നാൽ മഴയെ തുടർന്ന് ഇതും മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുവർഷവും കൊവിഡ് മൂലം തൃശൂർ പൂരം ചടങ്ങുകളായി മാത്രം ഒതുക്കുകയായിരുന്നു. മഹാമാരിക്കുശേഷം നടന്ന പൂരം കാണാൻ പതിനായിരങ്ങളാണ് പൂരനഗരയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ വില്ലനായി അവതരിച്ച മഴ പൂരപ്രേമികളെ നിരാശയിലാക്കി. കുടമാറ്റത്തിന്റെ സമയത്തടക്കം കനത്ത മഴയാണ് പെയ്തത്. എന്നാൽ പൂരത്തിൻ്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. തുട‍ർന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ കാര്യമായി ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു.

Previous articleസംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
Next articleനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം